"കലിയുഗപുരുഷോത്തമാ
പരമാനന്ദത്തെ തരുന്നോനേ
പരന്മാരിൽ വാഴും ദൈവമേ
ശുഭാനന്ദാ....പരന്മാരിൽ വാഴും ദൈവമേ"
കലിയുഗപുരുഷോത്തമനായ ഭഗവാൻ ശുഭാനന്ദഗുരുദേവനെ പ്രകീർത്തിച്ചുകൊണ്ട് സമ്പൂർണ്ണ ജ്ഞാനത്തിന്റെ ആൾ രൂപമായിരുന്ന ആനന്ദജീ ഗുരുദേവ തിരുവടികൾ കീർത്തിച്ച ഏതാനും വരികളാണ് മേൽ ഉദ്ധരിച്ചത്.ശുഭാന്ദ ഗുരുദേവൻ പരന്മാരിൽ വാഴുന്ന ദൈവമാണ്.പരന്മാരെന്നാൽ ശ്രേഷ്ഠ മാനുഷർ.മനുഷ്യർ ശ്രേഷ്ഠന്മാരാകുന്നത് ഗുണസമ്പൂർണ്ണതകൊണ്ടാണ്.ഗുണസമ്പൂർണ്ണൻ ഗുരുനാഥൻ മാത്രമേയുള്ളൂ.ഗുരുദേവനിൽ തിളങ്ങിവിളങ്ങി പ്രശോഭിക്കുന്ന മഹൽഗുണങ്ങൾ മറ്റൊരാളിൽ കാണാൻ വലിയ പ്രയാസമാണ്.ഭഗവാൻ ശുഭാനന്ദ ഗുരുദേവ തിരുവടികൾ മുതൽ ഇന്നു നമുക്കായി വാഴുന്ന സദാനന്ദസിദ്ധ ഗുരുദേവ തിരുവടികൾ വരെയുള്ള നമ്മുടെ ഗുരുപരമ്പരയിൽ മാറ്റമില്ലാതെ മങ്ങലില്ലാതെ മറവില്ലാതെ മഹൽഗുണങ്ങൾ വിളങ്ങുന്നു.മഹൽഗുണങ്ങളാൽ മഹിമപ്പെട്ടവരായതുകൊണ്ടാണ് ഈ മഹാഗുരുക്കന്മാർ മനുകുലങ്ങളാൽ സ്തുതിക്കപ്പെട്ടവരായത്.ഗുരു ശരീരമല്ലല്ലോ.ശരീരമായി ഗുരുവിനെ കാണരുതെന്ന് നമ്മുടെ ഗുരുക്കന്മാരെല്ലാം നമ്മെ ഉപദേശിച്ചിട്ടുണ്ട്.ഗുരുവിനെ ശരീരമായി കണ്ടവരെല്ലാം ഗുരുവിന്റെ ശരീര വേർപാടിനു ശേഷം ഗുരുവില്ലാതെ അലഞ്ഞ ചരിത്രം ഇന്നും നമ്മുടെ മുമ്പിലുണ്ട്.
"സ്ഥൂലമല്ല ഗുരു സൂക്ഷ്മമാണെൻ ഗുരു
സ്ഥൂല ശരീരത്തിൽ വാഴുന്നതും ഗുരു"
ഇന്ന് നമുക്കായി തിരുശരീരം സ്വീകരിച്ച് മഹാത്യാഗിയായി വാഴുന്ന ബ്രഹ്മശ്രീ സദാനന്ദസിദ്ധ ഗുരുദേവതിരുവടികളിലും സൂക്ഷ്മമായി വാഴുന്നത് ആദിപുരാണാപുരുഷനായ ശുഭാനന്ദ ഗുരുദേവ തിരുവടികൾ തന്നെ.വിശ്വാസിക്ക് ഇതിൽ യാതൊരു തർക്കവുമില്ല.തർക്കിക്കുന്നവരിൽ വിശ്വാസമില്ല.വിശ്വാസമില്ലാത്തവരിൽ ഗുരുവുമില്ല .ഗുരുവുള്ളവർക്ക് അറിവുണ്ട്.അറിവുള്ളവന് അവിശ്വാസമില്ല . വിശ്വാസിക്കു എന്നെന്നും ഗുരുവുണ്ട്.ഗുരു എന്നുമുള്ളവനാണ്.ഉള്ള സത്യത്തിന്റെ പ്രകാശരൂപമാണ് ഗുരു.ആ ഗുരു സ്വീകരിക്കുന്ന ശരീരം നമുക്കു പൂജനീയമാണെങ്കിലും ആ സ്ഥൂല ശരീരത്തിനുള്ളിൽ വാഴുന്ന ജ്ഞാനരൂപനാണ് നമ്മുടെ ഗുരുനാഥൻ.ഇപ്രകാരം ജ്ഞാനമായും,കർമ്മമായും,വിശ്വാസമായും,ആശ്വാസമായും,ആനന്ദമായും ഗുരു ഇന്നും നമുക്കായി വാഴുന്നു.സദാനന്ദസിദ്ധ ഗുരുദേവൻ എന്നനാമത്തിൽ വാഴുന്നത് ശുഭാനന്ദ ഗുരുദേവനാണ്.,ആനന്ദജീ ഗുരുദേവനാണ്,ഗുരുപ്രസാദ് ഗുരുദേവനാണ്.ഇതിന്റെ ആകെത്തുകയാണ് നമ്മുടെ അമ്പോറ്റി.
ഈ ലേഖകന്റെ വീക്ഷണത്തിൽ സദാനന്ദസിദ്ധ ഗുരുദേവൻ തികഞ്ഞ കർമ്മയോഗിയാണ്.കർമ്മം ചെയ്യുക മാത്രമാണ് ജന്മമെടുത്തവരുടെ കർത്തവ്യമെന്ന് ഗുരുനാഥൻ തന്റെ ജീവിതത്തിൽകൂടി ഭക്തന്മാരെ നിതരാം ബോധ്യപ്പെടുത്തുന്നു.അലസ ജീവിതത്തിന്റെ ഒരു നിമിഷം പോലും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് അടുത്തും അകലെയും നിന്ന് തന്റെ പ്രവർത്തനം വീക്ഷിച്ചിട്ടുള്ള ഈ എളിയവൻ ധൈര്യപൂർവ്വം പ്രസ്താവിക്കുവാൻ കഴിയും.നൂറുനൂറ് ഉദാഹരണങ്ങൾ നിരത്താൻ കഴിയും.അതിനൊന്നും ഇപ്പോൾ ഞാൻ തുനിയുന്നില്ല.താൻ ഭക്തനും സന്യാസിയുമായിരുന്ന കാലത്ത് കാൽനടയായി വിദൂരപ്രദേശങ്ങളിൽപ്പോലും പ്രാർത്ഥനകൾക്ക് പോയിട്ടുള്ളത് നമുക്കേവർക്കും ബോധ്യമുള്ള സംഗതിയാണ്.അന്നുള്ള ശഖാശ്രമങ്ങളുടെ നിർമ്മിതിയിലും താൻ വഹിച്ച പങ്ക് നിസ്സാരമല്ല.ആശ്രമങ്ങൾ സ്ഥാപിക്കാനും പ്രതിഷ്ഠ നടത്താനും ആശ്രമകർമ്മങ്ങൾക്ക് നിസ്തൂലമായ നേതൃത്വം നൽകുവാനും ഗുരുനാഥൻ സദാ സന്നദ്ധനായിരുന്നു.പ്രതിഫലേച്ഛ കൂടാതെ ചെയ്യുന്ന കർമ്മമാണ് നിഷ്കാമകർമ്മം.നിഷ്കാമകർമ്മത്തിന്റെ ഫലം ജനസമൂഹത്തിനു പ്രയോജനപ്പെടുമ്പോൾ നിഷ്കാമകർമ്മിക്കുണ്ടാകുന്ന നിത്യാനന്ദം അനുഭവിക്കുന്ന ഈ ത്യാഗിവര്യന് സദാനന്ദസിദ്ധ ഗുരു ദേവൻ എന്ന നാമധേയം തികച്ചും അർഹതപ്പെട്ടതാണെന്ന് ആരും തല കുലുക്കി സമ്മതിക്കും.ആരോടും ഒന്നും ഒളിക്കാതെ പട്ടാപ്പകൽ പോലെ വെളിവായിപ്രകാശിക്കുന്ന വിശുദ്ധജീവിതത്തിനുടമയായ നമ്മുടെ ഗുരുനാഥനെ നമുക്ക് രക്ഷകനും പിതാവുമായി ലഭിച്ചു.നമ്മെ ഗുരുവിനെപ്പോലെ പ്രകാശ വസ്തുക്കളാക്കിത്തീർക്കുവാൻ വേണ്ടിയാണ് ഈ വാർദ്ധക്യ വേളയിലും തന്റെ മഹാപ്രയത്നം വിനിയോഗിക്കുന്നത്.നിർമ്മാണം....നിർമ്മാണം....അതിനുവേണ്ടിയുള്ള കർമ്മം,കഠിനപ്രയത്നം ഇതാണ് ഗുരുദേവന്റെ മുദ്രാവാക്യം.വിശ്രമം എന്ന ഒരു പദം സാദനന്ദസിദ്ധ ഗുരുദേവന്റെ നിഘണ്ടുവിലില്ല.കർമ്മനിരതന്മാരെ താൻ വളരെയധികം ഇഷ്ടപ്പേടുന്നു.മടിപിടിച്ചിരിക്കുന്നവരെ സൽക്കർമ്മമാർഗ്ഗം കാട്ടിക്കൊടുക്കുന്നു.കഠിനപ്രയത്നത്തിൽക്കൂടി ഭഗവാൻ ശരീരരക്ഷ ഉപദേശിക്കുന്നു .താൻ തന്നെ മാതൃകയായി നിൽക്കുന്നു. ആത്മപോഷണത്തിനായി ജ്ഞാനം ഉപദേശിക്കുന്നു .താൻ തന്നെ ജ്ഞാനിയായി വാഴുന്നു.കലിയുഗത്തിലെ ജീവിതം അതികഠിനമാണെന്ന് വർത്തമാനകാലത്തെ കഠോരപ്രവർത്തനങ്ങൾ നമ്മെ ബോധ്യമാക്കുന്നു .അസ്വസ്ഥമായ മനസ്സോടുകൂടിയല്ലാതെ സമാധാന കാംക്ഷികൾക്ക് ഉറങ്ങാൻ കഴിയാത്ത ഈ കലിയുഗകാലത്ത് കലിയെ വധിച്ച് മനുഷ്യ കുലത്തെ ഉയർത്താൻ കലിയുഗ രക്ഷകനാകുന്ന ഭഗവാൻ ഇന്നും സദാനന്ദസിദ്ധ ഗുരുദേവ തിരുവടികളിൽ വാണിരുന്ന് കരുത്തേറുന്ന കർമ്മം ചെയ്യുന്നു. ഈകർമ്മങ്ങൾക്ക് തുണയായി നിൽക്കാൻ ആരോക്കെ തയ്യാറാകുമോ അവർക്ക് ഗുരുവിന്റെ കരുണാകടാഷമുണ്ടാകുമെന്നുള്ളതിന് രണ്ടുപക്ഷമില്ല.ഈ കർമ്മങ്ങൾക്ക് മുമ്പിൽ വിലങ്ങുതടിയായി നിന്ന് കർമ്മം മുടക്കാം എന്നു വിചാരിച്ചാൽ അത് ഒരിക്കലും സഫലമാകാൻ പോകുന്നില്ലെന്ന് ഉച്ചത്തിൽ നമുക്ക് വിളിച്ചറിയിക്കാം.അതിനാൽ മടിവിട്ടുണരുക! ലോക രക്ഷക്ക് ഒരുങ്ങുക! പടയാളികളായി പരിവർത്തനം ചെയ്യപ്പെടുക! കലിയുഗത്തിലെ കഠോര യുദ്ധത്തിൽ ആത്മബോധോദയ സംഘത്തിലെ ഓരോ അംഗവും പോരാളികളായി മാറണം.കലിയുഗ രക്ഷകൻ സദാനന്ദ സിദ്ധ ഗുരുദേവനെന്ന നാമധേയത്തിൽ നമ്മെ നയിക്കും.80-വയസ്സ് ഭഗവാനെ സംബന്ധിച്ച് ഒരു പ്രായമല്ല. പക്ഷേ,സ്വീകരിക്കപ്പെട്ടിരിക്കുന്നത് മായാശരീരമാണ്.അതിന്റെ രക്ഷ, അതിൽ ഭഗവാന്റെ സുരക്ഷിതമായ ദീർഘകാല വാഴ്ച ഇതെല്ലാം നമ്മുടെ ഗുരുനാഥനിൽത്തന്നെ അർപ്പിച്ച് നമുക്കു ഭക്തിപൂർവ്വം പ്രാർത്ഥിക്കാം.
0 comments:
Post a Comment