468x60 Ads

ആനന്ദം സദാനന്ദം

മണ്ണിലെ മനുഷ്യന്റെ മനോമാലിന്യങ്ങളെ മാറ്റി മനസ്സിനും ശരീരത്തിനും നിത്യസുഖം നൽകാൻ അവതാരങ്ങൾ ഓരോ കാലഘട്ടങ്ങളിൽ മന്നിൽ അവതരിച്ചിരുന്നു.അതുപോലെ കലിയുഗത്തിലും അവതരിച്ച്‌ മനുഷ്യകുലത്തിന്‌ രക്ഷ നൽകിക്കൊണ്ടിരിക്കുന്നു. മനുഷ്യസമൂഹം നേരിട്ടിരുന്ന ഏറ്റവും ബീഭത്സവും ക്രൂരവുമായ ജാതിഭ്രാന്തിനെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റി,ശക്തമായ ജാതിക്കോട്ട കൊത്തളങ്ങളെ ജ്ഞാനമാകുന്ന ആയുധത്താൽ ഇടിച്ചു നിരത്തി മനുഷ്യനു സ്വസ്ഥമായി ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ടി അവതാരപുരുഷനായ ഭഗവാൻ ശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികൾ സഹിച്ച ത്യാഗത്തിനും കഷ്ടപ്പാടുകൾക്കും അതിർത്തിയില്ലായിരുന്നു.

കലിയുഗത്തിൽ ഭഗവാൻ അവതരിക്കേണ്ട അവസരത്തിൽ ശുഭാനന്ദ തിരുനാമത്തിൽ അവതീർണ്ണനായി ആത്മബോധോദയ സംഘം സ്ഥാപിച്ചു. കലിയുഗാവതാരത്തിന്റെ മാഹാത്മ്യം ലോകാന്ത്യം വരെ ശരീരങ്ങൾ മാറിമാറി സ്വീകരിച്ചുകൊണ്ടു വാഴുമെന്നതാണ്‌.തന്റെ തിരുശ്ശരീര വേർപാടിനു ശേഷം 12-വർഷങ്ങൾ കഴിഞ്ഞ്‌ ആനന്ദജീ ഗുരു ദേവനിൽ ശക്തി പ്രത്യക്ഷമായി പ്രവർത്തനം തുടങ്ങി.26-വർഷങ്ങൾ കൊണ്ട്‌ ആത്മബോധോദയ സംഘത്തെ ലോകവ്യാപകമാക്കി വളർത്തി.ജാതി മത ഭേദങ്ങൾ മറന്ന ആത്മലോകം ആശ്രമത്തിൽ ഓടിയെത്തി.എത്തിയവരെലാം ആശ്വാസം അനുഭവിച്ചു.വിശ്വാസികളുടെ എണ്ണം അനുദിനം വർദ്ധിച്ചു. സ്ഥാപനങ്ങളും ശാഖാശ്രമങ്ങളും നാടിന്റെ പല ഭാഗങ്ങളിലും ഉയർന്നു.പറയനെന്നുള്ള പരിഹാസം മാറ്റി പരമാനന്ദസ്വരൂപനായ ഭഗവാനാണ്‌ ശുഭാനന്ദ ഗുരുദേവനെന്ന സത്യം ലേകസമക്ഷം ബോധ്യപ്പെടുത്തി.ആനന്ദജീ ഗുരുദേവന്റെ തിരുവാഴ്ചയ്ക്കു ശേഷം ആദിശക്തി ഗുരു പ്രസാദ്‌ ഗുരുദേവനിൽ പ്രത്യക്ഷമായി നിന്നു കെണ്ട്‌ പന്ത്രണ്ടു വർഷക്കാലം ആദർശത്തേയും പരമ്പരകളേയും കനിഞ്ഞനുഗ്രഹിച്ചുകൊണ്ടു വാണിരുന്നു .തന്റെ തിരുശ്ശരീര മാറ്റത്തിനു ശേഷം ഭഗവാൻ വീണ്ടും ഉദയമായി ഇന്നും വാഴുന്നു. സദാനന്ദസിദ്ധ ഗുരുദേവനിൽക്കൂടി.

ആത്മബോധോദയ സംഘത്തിന്റെ പരമാചാര്യ പദത്തിൽ ഇന്ന് വിരാജിച്ചരുളുന്ന നമ്മുടെ അമ്പോറ്റിയുടെ 80-മത്‌ മകയിരം ജന്മനക്ഷത്ര മഹാമഹം ഭക്തജനങ്ങളേകോപിച്ച്‌ 2010 ഫെബ്രുവരി 23 ആം തിയതി സന്നിധാനത്തിൽ ആഘോഷിക്കുകയാണ്‌.

കൊല്ലവർഷം 1105 കുംഭം മാസത്തിലെ മകയിരം നാളിൽ ചെന്നിത്തല കൊടുത്തുവേലിൽ തെക്കേതിൽ കുഞ്ഞുശങ്കരന്റെയും,കൊച്ചുകാളിയുടേയും മകനായി ശുഭാനന്ദ ഗുരുദേവന്റെ തിരുശ്ശബ്ദപ്രകാരം ഭൂജാതനായ ആൺസന്തതിയാണ്‌ ഇന്ന് നമുക്കാരാധ്യനായി വാഴുന്ന ഗുരുദേവൻ .ഭഗവാൻ ശുഭാനന്ദ ഗുരുദേവൻ തന്നെ തൃക്കരങ്ങളിലേടുത്ത്‌ കുഞ്ഞിന്‌ രാഘവൻ എന്നു നാമകരണം ചെയ്തു. രാഘവൻ എന്നാൽ എല്ലാറ്റിനേയും ജയിച്ചവൻ എന്നാണ്‌ അർത്ഥം. മാതാപിതാക്കൾ തങ്ങളുടെ അരുമ സന്താനത്തേയുംകൊണ്ട്‌ ശുഭാനന്ദ ഗുരുദേവനെ സമീപിച്ച്‌ കുഞ്ഞിനെ തൃപ്പാദത്തിൽ കിടത്തു മായിരുന്നു.തന്റെ ബാല്യകാലത്തിൽ തന്നെ പിതാവ്‌ വേർപെട്ടതിനാൽ കഠിനാദ്ധ്വാനിയായാണ്‌ രാഘവൻ വളർന്നത്‌.ഭഗവാൻ ശുഭാനന്ദ ഗുരുദേവൻ സമാധിയായ സന്ദർഭത്തിൽ ചെന്നിത്തല പ്രദേശം മുഴുവൻ പ്രളയമായിമാറിയിരുന്നു .പുഴ നീന്തിക്കടന്നാണ്‌ രാഘവൻ കൊറ്റാർകാവിലെത്തി ഭഗവാന്റെ സമാധി കർമ്മങ്ങളിൽ പങ്കെടുത്തത്‌. ദൃഢവിശ്വാസത്തോടുകൂടി ഈശ്വരാർപ്പണമായി ജീവിച്ചാണ്‌ രാഘവൻ വളർന്നത്‌.

ആനന്ദജീ ഗുരുദേവനിൽ ശക്തി പ്രത്യക്ഷവാഴ്ച തുടങ്ങിയ സമയം മുതൽ മുഴുവൻ സമയ പ്രവർത്തകനായി രാഘവൻ മാറി.സമ്പ്രീതനായ ആനന്ദജീ ഗുരുദേവൻ രാഘവന്‌ "സദാനന്ദൻ" എന്ന പുതിയ നാമധേയം നൽകി അനുഗ്രഹിച്ചു. അങ്ങനെ രാഘവന്‌ സദാനന്ദനായി ആനന്ദജീ ഗുരുദേവൻ പുനർജ്ജന്മം നൽകി. തന്റെ സമയത്തിൽ അൽപ്പ ഭാഗം മാത്രമാണ്‌ കുടുംബരക്ഷയ്ക്കായി സദാനന്ദൻ മാറ്റിവച്ചത്‌. ഭൂരിഭാഗം സമയവും ഗുരുശുശ്രൂഷയ്ക്കും ആദർശ പ്രവർത്തനത്തിനുമായി മാറ്റിവച്ചു. അക്കാലത്തെ ആദർശപ്രവർത്തനം കഠിനമായിരുന്നു .വിശപ്പും ദാഹവും സഹിച്ച്‌ കാൽനടയായി സഞ്ചരിച്ച്‌ ഭക്തഭവനങ്ങളിലെത്തി പ്രാർത്ഥന നടത്തുവാൻ ഈ യുവാവിന്‌ യാതൊരു മടിയുമുണ്ടായിരുന്നില്ല. മടുപ്പു തോന്നാതെ ആദർശപ്രചരണത്തിന്‌ മുന്നിട്ടിറങ്ങിയ ഈ യുവാവിൽ ആനന്ദജീ ഗുരുദേവൻ തികച്ചും സംപ്രീതനായി. ഗുരുനാഥന്റെ ശാസനയ്ക്കും ശിക്ഷണത്തിനും വിധേയനായപ്പോഴും ഗുരുനിന്ദ്യം സദാനന്ദനിൽ ലേശം പോലും ജനിച്ചില്ല. എന്നു മാത്രവുമല്ല, എല്ലാം തന്റെ രക്ഷയ്ക്കും വളർച്ചക്കുമാണെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട്‌ ഗുരുപാദ സേവയിൽ ഇളകാതെ നിന്നു

1986-ൽ ആനന്ദജീ ഗുരുദേവന്റെ തൃക്കരങ്ങളാൽ കാഷായവസ്ത്രം കൊടുത്ത്‌ സന്യാസസംഘത്തിലെ പ്രധാന പ്രവർത്തകനാക്കി. അന്ന് താൻ നൽകിയ സന്യാസ നാമം"സദാനന്ദസിദ്ധൻ" എന്നായിരുന്നു .അന്നേ സ്വാമിയുടെ മനസ്സിൽ മാറാത്ത ആനന്ദം-സദാന്ദം-സ്ഥിരപ്രതിഷ്ഠിതമായി.സദാനന്ദസിദ്ധ സ്വാമി പ്രാർത്ഥിച്ചിട്ടില്ലാത്ത ഒരു ഭവനമോ ശാഖാശ്രമമോ ഇല്ലെന്നു തന്നെ പറയാം.കായീകാദ്ധ്വാനത്തിന്റെ പര്യായമായിരുന്നു സദാനന്ദസിദ്ധ സ്വാമികൾ. തിരുവനന്തപുരം ജ്യോതിയാശ്രമവും പരിസരവും ഇന്ന് കാണുന്നവർക്കൊക്കെ കമനീയമാണ്‌.എന്നാൽ ഒരു കാലത്ത്‌ കല്ലും ,മുള്ളും,പുല്ലും,മരവും,കുണ്ടുംകുഴിയും നിറഞ്ഞ ഒരു പ്രദേശമായിരുന്നു അവിടമെന്നുള്ള സത്യം അധികമാർക്കും അറിഞ്ഞുകൂടാ.സദാനന്ദസിദ്ധ സ്വാമിയുടെ രക്തം വിയർപ്പായി ആ മണ്ണിൽ ഒഴുക്കിയതിന്റെ ഫലമാണ്‌ ആ പ്രദേശം നിരപ്പുഭൂമിയായത്‌. തന്റെ ഭാവനാവിലാസത്തിന്റെ പ്രതിഫലനമാണ്‌ ഇന്നു കാണുന്ന തിരുവനന്തപുരം ആശ്രമം.ആത്മബോധോദയ സംഘമുള്ള നാൾവരെ ഈ സത്യം ആത്മബോധികൾ മറന്നുകൂടാ.

2000 മെയ്‌ 17ആം തിയതി ഗുരുപ്രസാദ്‌ ഗുരുദേവ തിരുവടികൽ സമാധിയായി.ആനന്ദജീ ഗുരുദേവ തിരുവടികൾക്കു ശേഷം ആത്മബോധോദയ സംഘത്തെ രക്ഷിച്ചു വളർത്തിയ ഗുരുപ്രസാദ്‌ ഗുരുദേവന്റെ തിരുശ്ശരീര വേർപാട്‌ ഭക്തലോകത്തിന്‌ അസഹനീയമായിരുന്നു. താൻ വഹിച്ചലങ്കരിച്ചിരുന്ന മഹാപദവിയിലേക്ക്‌ താൻ തന്നെ സദാനന്ദസിദ്ധൻ സ്വാമിയെ മുന്നമേ നിയോഗിച്ചിരുന്നു . അപ്രകാരം 2000 മെയ്‌17-ആം തിയതി പ്രഭാതം മുതൽ സദാനന്ദസിദ്ധ ഗുരുദേവനെന്ന പുണ്യനാമധേയത്തോടുകൂടി താൻ ശുഭാനന്ദ സിംഹാസനത്തിൽ ഉപവിഷ്ടനായി. അന്നുമുതൽ ഇന്നോളം അതിപ്രയത്നം ചെയ്ത്‌ സംഘത്തിന്റെ സൽകീർത്തി നിലനിർത്തുന്നതിൽ ഗുരുദേവൻ സദാ തൽപ്പരനായി വർത്തിക്കുന്നു .ഭൗതീകമായ വളർച്ച അത്ഭുതകരമാണ്‌.അത്മീയമായി സംഘത്തിനുണ്ടായ വളർച്ച അതിശനീയമാണ്‌.സാധുജന സംരക്ഷണത്തിന്‌ മറ്റെന്തിനേക്കാൾ ഉപരി സദാനന്ദസിദ്ധ ഗുരുദേവൻ പ്രാധാന്യം നൽകുന്നു .രണ്ട്‌ ആശുപത്രികൾ സ്ഥാപിച്ച്‌ രോഗികൾക്ക്‌ ചികിത്സ നൽകി രക്ഷിച്ചുവരുന്നു. സ്വയംതൊഴിൽ പദ്ധതികളാവിഷ്കരിച്ച്‌ നടപ്പാക്കി.തന്റെ കഴിഞ്ഞ ജന്മനക്ഷത്രത്തിന്‌ സാധുക്കൾക്കു നൽകിയ 79 തയ്യൽ യന്ത്രങ്ങൽ ഇതിന്റെ ഭാഗമായിട്ടായിരുന്നു .പാവപ്പെട്ട ഭക്തജനങ്ങൾക്ക്‌ വീടുകൾ നിർമ്മിച്ച്‌ നൽകിയതും തന്റെ ദീനാനുകമ്പയ്ക്ക്‌ മതിയായ തെളിവാണ്‌.

വിശ്രമമില്ലാത്ത പ്രവർത്തനം തന്നെ രോഗിയാക്കി മാറ്റുമ്പോഴും അതിനെ അവഗണിച്ചുകൊണ്ട്‌ ബഹുജനഹിതത്തിനും സുഖത്തിനുമായി ഇന്നും കഠിനപ്രയത്നം ചെയ്യുന്ന നമ്മുടെ ഗുരുനാഥന്റെ ജീവിതരീതി നമുക്കെന്നല്ല ഏവർക്കും ഒരു മാതൃകയാണ്‌.മാതൃകാപുരുഷനായ ഗുരുനാഥന്റെ 80-ആം പിറന്നാൾ ആഘോഷിക്കുന്ന ഈ മഹനീയ വേളയിൽ നമുക്ക്‌ ഒന്നേ ചെയ്യാനുള്ളു. ഭഗവാന്റെ സുഖവാഴ്ചക്കു വേണ്ടി തന്നോടുതന്നെ പ്രാർത്ഥിക്കുക.കളങ്കമറ്റ ഹൃദയങ്ങളുടെ പ്രാർത്ഥന സ്വീകരിച്ച്‌ നമ്മുടെ പൊന്നമ്പോറ്റി ദീർഘനാൾ വാഴുവാൻ കരുണചൊരിയണേ എന്ന് നമുക്ക്‌ പ്രാർത്ഥിക്കാം..

0 comments:

Post a Comment

 
ശുഭാനന്ദ ദര്‍ശനം,SUBHANANDADARSANAM © 2011 Design by Subhanandashram IT Department Powerd by Athma Bhodhodaya Sanngam,Cherukole,Mavelikkara ,
Creative Commons License
Subhananda Darsanam by Athmabodhodaya Sangam is licensed under a Creative Commons Attribution 3.0 Unported License.
Based on a work at cherukoleabsc@gmail.com